എടപ്പാള്‍: ശുകമഹര്‍ഷിയുടെ തപോഭൂമിയെന്നറിയപ്പെടുന്ന ശുകപുരത്ത് 96 വര്‍ഷത്തിനുശേഷം വീണ്ടും സാഗ്നികം അതിരാത്രത്തിന് വേദിയൊരുങ്ങുന്നു. ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിനുസമീപമുള്ള സഫാരി മൈതാനിയില്‍ മാര്‍ച്ച് 20മുതല്‍ 31വരെ നടക്കുന്ന അതിരാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള യജ്ഞനിര്‍വഹണസമിതി കാര്യാലയത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച മൂന്നിന് കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിക്കും.
വട്ടംകുളം കവുപ്ര മാറത്തുമനയിലെ ശങ്കരനാരായണന്‍ അക്കിത്തിരിപ്പാടിന്റെ മുത്തച്ഛന്‍ 96വര്‍ഷം മുമ്പുനടത്തിയ അതിരാത്രത്തിനു ശേഷം ഈ മേഖലയില്‍ ആദ്യമായി നടക്കുന്ന അതിരാത്രമാണിത്. ശുകപുരം,പന്നിയൂര്‍ ഗ്രാമങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനിന്ന പോരിന് അന്ത്യംകുറിച്ച് 2013ല്‍ ഇതേമൈതാനിയില്‍ പന്നിയൂര്‍ ഗ്രാമക്കാരനായ പനമണ്ണ കാവുംപുറത്ത് വാസുദേവന്‍ അടിതിരിപ്പാട് നടത്തിയ സോമയാഗത്തിന്റെ തുടര്‍ച്ചയായാണ് അടുത്തമാസം നടക്കുന്ന അതിരാത്രം. അദ്ദേഹവും പത്‌നി ഗൗരി പത്തനാടിയുമാണ് അതിരാത്രത്തിലെ പത്‌നീയജമാനന്‍മാര്‍. ശുകപുരം, പന്നിയൂര്‍, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളുടെ കൂട്ടായ്മ എന്നനിലയിലും ഈ അതിരാത്രം പ്രത്യേകതയര്‍ഹിക്കുന്നു.
സാഗ്നികം അതിരാത്രം എന്ന പദത്തിന് അഗ്നിയോടുകൂടിയ അതിരാത്രമെന്നാണര്‍ത്ഥം. അഗ്നി എന്നാല്‍ വഹ്നി എന്നര്‍ത്ഥത്തിലല്ലെന്നുമാത്രം. ആയിരം ഇഷ്ടികകള്‍കൊണ്ട് അഞ്ചു നിലകളായി ഗരുഡാകൃതിയില്‍ പടുത്തുയര്‍ത്തുന്ന പഞ്ചപത്രിക എന്ന പടവിന്റെമുകളില്‍ അഗ്നിയെ നിധാനംചെയ്ത് അതിന്‍മേലാണ് സോമപശ്വാജ്യപുരോഡാശാദി ഹവിസ്സുകള്‍ ഹോമിക്കപ്പെടുന്നത്.
ലോകാ സമസ്താ സുഖിനോഭവന്തു എന്ന ഭാരതത്തിന്റെ വിശ്വസ്‌നേഹ കാഴ്ചപ്പാടിന്റെ ആവിഷ്‌കാരമാണ് യാഗശാലകളില്‍ നടക്കുന്നത്. സമസ്ത ലോകത്തിന്റെയും സര്‍വ്വചരാചരങ്ങളുടെയും ഐശ്വര്യവും ശാന്തിയുമാണ് യജ്ഞങ്ങളുടെയെല്ലാം ലക്ഷ്യം.
ശുകപുരം അതിരാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മദേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിനുസമീപം സ്വാഗതസംഘം ഓഫീസ് ഞായറാഴ്ച മൂന്നിന് കെ.ടി.ജലീല്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും. യാഗമുദ്ര ചിത്രീകരണം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും നിധിസമര്‍പ്പണം ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനുനല്‍കി ഡോ.കെ.കെ.ഗോപിനാഥനും ഉദ്ഘാടനം ചെയ്യും. അതിരാത്രത്തിനാവശ്യമായ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇഷ്ടികകളുടെയും സ്രുക്കുകളുടെയും നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്.
No comments:
Post a Comment